Powered By Blogger

Friday, March 1, 2013

രാത്രിപ്പിടച്ചിലുകള്‍സ്നേഹം അതിനു തുല്യമായ എന്തോ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നു. ആ കൊടുക്കല്‍ വാങ്ങലുകള്‍ എന്താണെന്നോ എന്തിനു വേണ്ടിയാണെന്നോ അറിയുവാന്‍ കഴിയുന്നില്ല. എല്ലാ സുഖങ്ങളും അതിലുണ്ട്,നൈമിഷികവും, ദാര്‍ശനികവും, ലഘുവും,ഉദാത്തവും,അലൗകികവും ആയ എല്ലാം.
പക്ഷെ, മുഴുവനായി പ്രകടിപ്പിക്കാന്‍ കഴിയാതെ ഉഴറുംബോഴോ?ആശ്വസിപ്പിക്കാം, തൊട്ടടുത്തു കിടക്കുന്ന ഒരാളെ നെഞ്ചില്‍ തടവി, അല്ലെങ്കില്‍ തലയില്‍ വിരലോടിച്ചു...ദൂരെ ഉള്ള ഒരാളെങ്കില്‍ വിളിച്ചു, അയാള്‍ സംസാരിക്കുന്നത് തടസ്സപ്പെടുത്താതെ കേട്ട്.
പക്ഷെ, തടവിക്കൊടുക്കുന്ന നെഞ്ചിനകത്ത് എന്തോ ഉണ്ട്...അവിടെയാണ് എന്റെ ആവശ്യം.അവിടെക്കെത്താന്‍ കഴിയാത്തത് പോലെ.സംസാരിക്കുമ്പോള്‍ ആചരിക്കുന്ന മൌനത്തിനപ്പുറം എന്തോ ഉണ്ട്.അവിടെ എത്താന്‍ സ്വീകരിക്കേണ്ട വഴിയുടെ കവാടം ഇരുട്ടടച്ച്ചത് പോലെ.

എല്ലാ കുടുക്കുകളും ഇട്ടു കഴിഞ്ഞും ബാക്കിയാകുന്ന ഒന്ന്
എല്ലാ ചുംബനങ്ങള്‍ക്കും ഇടയ്ക്കു മാപ്പുസാക്ഷിയായ ഒന്ന്
നിന്റെ കണ്ണുകളുടെ ഭാഷ അറിയാതെ പോയതോ
അല്ലെങ്കില്‍ അതില്‍ കത്തിക്കെട്ടു പോയതോ ആയ ഒരു ചോദ്യം
എല്ലാ അനര്‍ഥങ്ങളും കൊമ്പ് കോര്‍ക്കുന്നു

ദൂരഭാഷിണികള്‍ക്കപുറത്തു എന്തോ ഉണ്ട്
ഒന്നുകില്‍ കടുത്ത വരള്‍ച്ചയും കാറ്റും
അല്ലെങ്കില്‍ മഴ നില്‍ക്കാത്ത തണുപ്പും കറുപ്പും
വന്നറിഞ്ഞാല്‍ നന്നായിരുന്നു
പക്ഷെ ഇരുട്ടടച്ച്ച വാതില്‍ തടുക്കുന്നു

നെഞ്ചില്‍ തടവിയാല്‍ ആശ്വാസം ഉണ്ടാകുമോ
പക്ഷെ ഉള്പിടച്ച്ചില്‍ അറിയുമോ എന്തോ
കൈ വിരലുകള്‍ക്ക് കുറച്ചു കൂടി സ്നേഹമുണ്ടായിരുന്നെങ്കില്‍!

4 comments:

Shyam Parasuvaikal said...

കവിത,
പ്രകാശം പ്രതിഫലിപ്പിക്കാത്ത വസ്തുക്കളെ നമുക്ക് കാണാന്‍ കഴിയില്ല"...
ഓരോ അപരിചിതനും ഓരോ കണ്ണാടികളാണ്
-പ്രകാശം (നമ്മെ) പ്രതിഫലിക്കാത്ത പാര്‍ശ്വദര്‍ശികളായ കണ്ണാടികള്‍...
നാം അവയ്ക്കിടയില്‍ കാണുന്നത് -അല്ലെങ്കില്‍ തിരയുന്നത്- മുഖ കണ്ണാടികളെ മാത്രമാണ്...
നമ്മെ തന്നെ പ്രതിഫലിപ്പിക്കുന്ന -നമ്മുടെ സങ്കല്‍പ്പങ്ങളെ-
വികാര-വിചാരങ്ങളെ.., പ്രതീക്ഷകളെ.., സ്വപ്നങ്ങളെ... പ്രതിഫലിപ്പിക്കുന്ന വെറും മുഖ കണ്ണാടികളെ...

സത്യം പറഞ്ഞാല്‍, മുഖ കണ്ണാടിയും നമ്മള്‍ കാണുന്നതെയില്ല...
ഒന്നോര്‍ത്തു നോക്കു..; മുഖ കണ്ണാടിയില്‍ എന്നും നാം നോക്കുന്നത് -കാണുന്നത് എന്തിനെയാണ്..?
നമ്മെ തന്നെയോ അതോ കണ്ണാടിയെയോ...

ചുരുക്കിപ്പറഞ്ഞാല്‍, നമുക്ക് ചുറ്റിലും ഉള്ളവയിലൂടെ എല്ലാം നമ്മള്‍ സ്നേഹിക്കുന്നത്തത് നമ്മളെ തന്നെയാണ്...
നമ്മുടെ തന്നെ ഇഷ്ടാനിഷ്ടങ്ങളെ, സുഖത്തെ, സന്തോഷത്തെ , സമാധാനത്തെ, നിലനില്‍പ്പിനെ, നേട്ടങ്ങളെ...

ചരട് വലികള്‍ക്ക് ഒത്തു തുള്ളുന്ന ഒരു പാവ
-നിര്‍ദേശങ്ങള്‍ക്ക് ഒത്തു പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രം- എന്നതിലുപരി,
കണ്ണാടിക്കും ഉണ്ടാവില്ലേ അതിന്‍റേതായ ഒരു വ്യക്തിത്വം...
അപ്പോള്‍ പിന്നെ, ഒട്ടേറെ സമാനതകള്‍ കണ്ടേക്കാം എങ്കിലും;
എന്നെങ്കിലും -എന്തിലെങ്കിലും ഒരു കാര്യത്തില്‍ ഒരു അഭിപ്രായ വ്യത്യാസം ഉണ്ടാവാതെ തരമില്ല-
-അതുണ്ടായില്ലെങ്കിലെ അത്ഭുതമുള്ളൂ... പക്ഷെ, അപ്പോള്‍ അത് നമ്മളെ മുറിപ്പെടുത്തും...

മുന്നിലുള്ളവയെ, നമ്മുടെ മുന്‍ ധാരണകളോടെ സമീപിക്കാതെ ഇരുന്നാല്‍,
അതെങ്ങനെയോ അങ്ങനെ (അതിന്‍റെ വിരൂപതയോടും-സുന്ദരതയോടും കൂടി)
തന്നെ കാണാന്‍, മനസിലാക്കാന്‍, ഉള്‍ക്കൊള്ളാന്‍, സ്നേഹിക്കനായാല്‍,
നമ്മള്‍ക്കൊരിക്കലും വിഷമിക്കേണ്ടി വരില്ല...

മറിച്ച്,
നമുക്ക് മുന്നിലുള്ളവയുടെ വ്യക്തിത്വം അംഗീകരിക്കാതെ,
നമ്മുടെ ഇഷ്ട്ടാനിഷ്ട്ടങ്ങള്‍- സങ്കല്‍പ്പങ്ങളും മാത്രം അവയില്‍ നിന്ന് നാം പ്രതീക്ഷിക്കുമ്പോള്‍,
സ്വാഭാവികമായും നമുക്ക് ദുഖിക്കേണ്ടി വരും...

പക്ഷെ, ഈ സത്യം അറിയുന്നവരും, മറ്റുള്ളവരെ ഉപദേശിക്കുന്നവരും പോലും
സ്വന്തം ജീവിതത്തില്‍ അവ വിസ്മരിക്കുന്നത് എന്തുകൊണ്ടാണ്..?
കാരണം, നമ്മള്‍ യന്ത്രങ്ങള്‍ അല്ല എന്നത് തന്നെ...
-എല്ലാ വികാര-വിചാരങ്ങളോട് കൂടിയ വെറും പച്ചയായ മനുഷ്യരാണ് ...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ദൂരഭാഷിണികള്‍ക്കപുറത്തു എന്തോ ഉണ്ട്..

ഭാനു കളരിക്കല്‍ said...

ഒരു കവിത വായിച്ചത് ഓര്മ്മ വന്നു.

ലോകത്തിലെ എല്ലാ ഭാഷകളും വായിക്കാൻ അറിയുന്ന
ഒരു ഭാഷാ ശാസ്ത്രഞൻ ആണയാൾ.
ദുരൂഹമായ പൌരാണിക ഭാഷകളിലും നിപുണൻ.
ശിലാലിഖിതങ്ങളെ തിരിച്ചറിയുന്നവൻ.
എന്നിട്ടും താൻ സ്നേഹിക്കുന്ന തന്നെ സ്നേഹിക്കുന്ന
പ്രണയിനിയുടെ കണ്ണുകളിലെ ഭാഷ അയാൾക്ക്‌
വായിച്ചറിയാൻ ആയില്ല.

Manoj vengola said...

ആഴങ്ങള്‍ ഒളിപ്പിച്ച വരികള്‍.
നന്നായി.